Friday, October 16, 2009

ദുബായ്- ഇവിടെ ഇങ്ങനെയും ചിലര്‍ !!

ദുബായ് മഹാനഗരത്തിന്റെ മിന്നുന്ന പള പളപ്പിനിടയില്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചാണ് ഈ കുറിപ്പ്.


സകല മാധ്യമങ്ങളിലും വിളമ്പപ്പെടുന്ന ഈ കണ്ണന്ചിപ്പുകളില്‍, ദുബായിലെ മഹാ സൌധങ്ങളുടെ ചിത്രങ്ങളുമായി ഇന്ബോക്സ് നിറയ്ക്കുന്ന ഈ മെയില്‍ ഫോര്‍വെര്ടുകളില്‍ നമ്മള്‍ കാണാത്ത ചിലരെ കുറിച്ച് ..

ലാല്‍ ജോസ് അറബിക്കഥയിലൂടെ ഇവരെ കുറിച്ച് ചിലത് പറഞ്ഞിരുന്നു ..


യാധാര്ത്യത്തിന്റെ വളരെ ചെറിയൊരു അംശം മാത്രം.. !



പറഞ്ഞു വരുന്നത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് അല്ലെങ്കില്‍ നിര്‍മ്മാണ തൊഴിലാളികളെ കുറിച്ചാണ് .



ദുബായിലെ കണ്ണായ സ്ഥലത്ത് ഒരു അമ്പതു നില കെട്ടിടം നിര്‍മ്മിക്കപെടുന്ന സൈറ്റില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത് .

തൊഴിലാളികളോട് അടുത്തിടപഴകുന്ന ജോലി ആയതു കൊണ്ട് തൊഴിലാളികളുമായി കിട്ടുന്ന അവസരങ്ങളിലൊക്കെ ആത്മാര്‍ഥതയോടെ സംവദിക്കാറുണ്ട് .



കാലത്ത് ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഇവരുടെ ജോലി സമയം.(ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ച ഭക്ഷണ സമയം ) പല ലേബര്‍ സപ്ലൈ കമ്പനികളുടെയും ക്യാമ്പുകള്‍ വളരെ ദൂരെ അജ്മാന്‍ എന്നാ സ്ഥലത്ത് ആണ് . ഇവിടെ താരതമ്യേന വാടക കുറവാണ് എന്നതാണ് കാരണം !!



ആറുമണിക്ക് ദുബായിലെ ജബല്‍ അലി എന്നാ സ്ഥലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് വെളുപ്പിന് നാല് മണിക്ക് പുറപ്പെടണം .. പതിനഞ്ചും ഇരുപതും പേരാണ് ഓരോ മുറികളിലും താമസിക്കുന്നത് .. മുപ്പതു മുതല്‍ അമ്പതു പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ ഒരു ടോയ്ലെറ്റ് . അത് കൊണ്ട്, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു നാല് മണിക്ക് പുറപ്പെടണം എങ്കില്‍ രണ്ടരക്കോ മൂന്ന് മണിക്കോ എഴുന്നേല്‍ക്കണം !!



പകല്‍ പതിനൊന്നു മണിക്കൂര്‍ കൊടും ചൂടില്‍ കടിനാധ്വാനതിനു ശേഷം വൈകുന്നേരം ആറരയോടെ സൈറ്റില്‍ നിന്നും പുറപ്പെടുന്ന ഇവര്‍ ക്യാമ്പില്‍ തിരികെ എത്തുന്നത്‌ ഒന്പതരയോടെയാണ് . അത് കഴിഞ്ഞു ഭക്ഷണം ഉണ്ടാക്കി കഴിച്ച്‌, വസ്ത്രങ്ങള്‍ അലക്കി , കുളിയും കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ പന്ത്രണ്ടു മണി കഴിയും ..

പിന്നെയും കാലത്ത് മൂന്നരക്ക് എഴുന്നേല്‍ക്കണം ..!!













ഇതിനൊക്കെ ഒടുവില്‍ കിട്ടുന്ന മാസ ശമ്പളമോ ..അറുന്നൂറു ദിര്‍ഹം !!

അത് തന്നെ മൂന്നും നാലും മാസത്തിനു ശേഷമാണ് ലഭിക്കുക !! പലപ്പോഴും വിസയുടെ ചിലവിന്റെയും മറ്റും പേരില്‍ ഈ ശമ്പളത്തില്‍ നിന്നും പിടുത്തവും ഉണ്ടാകും. അതിനാല്‍ മിക്ക തൊഴിലാളികളുംഅവധി ദിവസമായ വെള്ളിയാഴ്ചയും പണി എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു ..



ഒരു ലേബര്‍ കമ്പനി ഉടമയോട് ഇവരുടെ ഈ ഉറക്ക കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍, അവര്‍ സൈറ്റിലെക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ആവശ്യം പോലെ ഉറങ്ങുന്നുണ്ട് എന്നായിരുന്നു കഴുത്തില്‍ പത്തു പവന്‍ മാലയും വിരലുകളില്‍ കട്ടി മോതിരങ്ങളും അണിഞ്ഞു പ്രാഡോ കാറില്‍ സഞ്ചരിക്കുന്ന ആ മാന്യ ദേഹത്തിന്റെ മറുപടി .!! ഇവിടുത്തെ കൊടും ചൂടില്‍ ശീതികരണി ഇല്ലാത്ത ഈ ബസ്സുകളിലെ യാത്ര തന്നെ മറ്റൊരു പീഡനമാണ് ..

വെളുപ്പിന് നാല് മണിക്ക് പ്ലാസ്റ്റിക് കവറില്‍ കുറച്ചു തൈരുമോഴിച്ചു കെട്ടികൊണ്ട് വരുന്ന ചോറ് , ഉച്ചയാവുമ്പോഴെക്കും വളിച്ചു പോയിരിക്കും.


അത് കഴിച്ചാണ് ഇവര്‍ വിശപ്പടക്കുന്നത്.

ആ നേരം ... ഇവരുടെ ഭാര്യമാര്‍ , അങ്ങ് ദൂരെ നാട്ടില്‍ ചന്തയിലെ ഏറ്റവും മുന്തിയ മത്സ്യവും ഇറച്ചിയും തെരെഞ്ഞെടുക്കുകയാവും .

മക്കള്‍ ലേറ്റസ്റ്റ് മൊബൈലില്‍ എമ്മെമ്മെസ് വിട്ടു കളിക്കുന്നുണ്ടാവും ...




ഇവരില്‍ ഭാര്തീയരുണ്ട്, ശ്രീലങ്കക്കാരുണ്ട് , പാകിസ്ഥാനികളും ബന്ഗ്ലദേശികളുമുണ്ട് ..

ദേശീയതയും വര്‍ഗ്ഗീയതും ശത്രുതയുമൊക്കെ ഇവര്‍ക്കന്യമാണ് ..!!



ദുബായിലെ സമ്പന്ന സൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുക എന്നതല്ലാതെ ഇവര്‍ക്ക് വേണ്ടി നമുക്ക് വലുതായൊന്നും ചെയ്യാനില്ല എന്നറിയാം.

എങ്കിലും...

മനസ്സ് കൊണ്ടെങ്കിലും നമുക്ക് ഇവരോടൊപ്പം നില്‍ക്കാം !!

Friday, October 9, 2009

"നട്ടൂറെ - ഫുട്ടൂറെ "

കോളേജ് കാലം ...
ഡിഗ്രി രണ്ടാം വര്ഷം ..
പണിക്കര് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്‌..ക്ലാസ്സുകളില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ജീവിയെ അന്നവിടെ കണ്ടു സകല വിദ്യാര്‍ഥികളും അത്ഭുതം കൂറി...
മാഗസിന്‍ എഡിറ്റര്‍ ശ്രീ. നസീര്‍ ..
കോളേജിലെ ഏറ്റവും ചെത്തു പയ്യന്‍ ..മുടി ഒക്കെ നീട്ടി വളര്‍ത്തി ചെത്തി നടക്കുന്ന, പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയായ, നേതാവായ, ക്രിക്കറ്റ്‌ കളിക്കാരനായ ( ഒരോവര്‍ തികച്ചു ക്രീസില്‍ നിന്ന ചരിത്രം ഇല്ലെങ്കിലും !!) ശ്രീ. നസീര്‍.

പണിക്കര് സാര്‍ ക്ലാസ്സില്‍ വന്നു.അദ്ദേഹവും നസീറിനെ കണ്ടു അത്ഭുതം കൂറി...!

"ഇതാര് ? നസീറോ ?"

" എന്താടോ ഇവിടെ ? വഴിതെറ്റി വന്നതാണോ ? "

നസീര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറുപടി പറഞ്ഞു .."

അതല്ല സാറേ, എനിക്ക് ഇംഗ്ലീഷില്‍ ഒരു സംശയം .. അതൊന്നു ക്ലിയര്‍ ചെയ്യാന്‍ സാറിനോട് ചോദിക്കാമെന്ന് കരുതി ..!!"

എല്ലാവരും ചിരിച്ചു ..നസീറിനു ഇംഗ്ലീഷില്‍ സംശയമോ ..?? (നസീര്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ മലയാളത്തിലാണ് എഴുതിയത് എന്നൊരു അടക്കം പറച്ചില്‍ നിലവിലുണ്ട് അപ്പോള്‍ )

കുട്ടികള്‍ ചിരിക്കുന്നത് കണ്ടു പണിക്കര്‍ സാര്‍ വിലക്കി ..

" ഹേ.. സൈലന്‍സ് , ഒരാള്‍ക്ക്‌ പഠിക്കാന്‍ ആഗ്രഹമുണ്ടാകുന്നത് നല്ല കാര്യമാണ് .. നസീറിനു തോന്നിച്ച ഈ സംശയം ഒരു നല്ല തുടക്കമാണ് .. ഒരു പക്ഷെ ഈ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥി നസീര്‍ ആയി മാറിയേക്കാം.. അത് കൊണ്ട് നമ്മള്‍ നസീറിനെ എന്കരേജ് ചെയ്യുകയാണ് വേണ്ടത് ."

എല്ലാവരും ചിരി നിര്‍ത്തി..
സാര്‍ നസീറിനോട് ചോദിച്ചു .

"ആട്ടെ നസീര്‍, എന്തുവാ നിന്റെ സംശയം "

"സാറേ അത് ഒരു വാക്കിന്റെ അര്‍ഥം അറിയാന്‍ വേണ്ടിയാ .."

"ഓക്കേ , നീ വാക്ക് ഏതാണ് എന്ന് പറ .."

"സാറേ അത് 'നട്ടൂറെ' എന്നാണ് വാക്ക് "

"എന്ത് എന്ത് ??"

"നട്ടൂറെ !!"

സാറിന് ഉള്‍പ്പടെ സകലരും കണ്ഫ്യുഷനില്‍ ആയി !
ഇതേതു വാക്ക്? എല്ലാവരും പരസ്പരം നോക്കി...ഒടുവില്‍ എല്ലാവരും സാറിന്റെ മുഖത്തേക്ക് നോക്കി.. സാറിനും ഒരു പിടിയും ഉള്ള ലക്ഷണമില്ല..

"നസീര്‍, ഈ വാക്ക് ഞാനും ഇത് വരെ കേട്ടിട്ടില്ലല്ലോ .. കുട്ടികളെ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും അറിയാമോ നട്ടൂറെയുടെ അര്‍ഥം ? "

എല്ലാവരും ഇല്ല എന്ന അര്‍ത്ഥത്തില്‍ തല ആട്ടി !!
സാര്‍ വീണ്ടും നസീറിനോട് ..

"സാരമില്ല നസീര്‍, ഇങ്ങനെ ഒരു പുതിയ വാക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിനു നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു ... ക്ലാസ്‌ കഴിഞ്ഞു ഞാര്‍ റെഫര്‍ ചെയ്തു അര്‍ഥം കണ്ടു പിടിക്കാം .. ആട്ടെ. നീ ഇതെവിടെയാ ഈ വാക്ക് കണ്ടത് ..? "

"സാറേ അതൊരു പേപ്പറില്‍ കണ്ടതാ..."

എല്ലാവര്ക്കും പിന്നേം അത്ഭുതം.. നസീര്‍ ചില്ലറക്കാരന്‍ ഒന്നുമല്ല. ഇംഗ്ലീഷ് പത്രം ഒക്കെയാ വായന !!! പുലീ !!

" നസീറേ, നീ ഈ വാക്കിന്റെ സ്പെല്ലിംഗ് ഒന്ന് പറഞ്ഞെ.."

"സാറേ അത് എന്‍ , എ , റ്റി, യു , ആര്‍, ഈ .( N A T U R E )..നട്ടൂറെ.....!!"

" ഹ ഹ ഹ ..."
ഇത് കേട്ടതും ക്ലാസ്സ്‌ മുഴുവനും കൂട്ടച്ചിരി ആയി ...
നസീര്‍ പകച്ചു ചുറ്റും നോക്കി...
പണിക്കര് സാര്‍ നസീറിന്റെ തോളില്‍ തട്ടി ..

" നസീറേ, ഇത് പ്രോനൌന്‍സ് ചെയ്യേണ്ടത് നട്ടൂറെ എന്നല്ല ..നേച്ചര്‍ എന്ന് ആണ് , പ്രകൃതി എന്നാണ് ഈ വാക്കിന്റെ അര്‍ഥം ..!!"

ഇത് കേട്ട് ക്ലാസ്സ്‌ വീണ്ടു കൂട്ട ചിരി ആയി ..
നസീറിന്റെ മുഖം വിളറി വെളുത്തു ...
ദയനീയ ഭാവത്തില്‍ നസീര്‍ പണിക്കര് സാറിനെ നോക്കി.. എന്നിട്ട് പറഞ്ഞു,,,

"സാറേ, സാര്‍ ഇത് ദയവു ചെയ്തു ആരോടും പറയരുത്...സാറിനറിയാമല്ലോ ..ഞാന്‍ രാഷ്ട്രീയത്തില്‍ ഒക്കെ ഉള്ള ആളാണ്‌ എന്ന്,അടുത്ത വര്ഷം ചെയര്‍മാന്‍ ആയി മത്സരിക്കാന്‍ ഉള്ളതാ..ഇതാരെങ്കിലും അറിഞ്ഞാല്‍ മഹാ നാണക്കേടാ...അതെന്റെ 'ഫുട്ടൂറെ'യേ ബാധിക്കും..!!"

( ഈ കഥ മുന്‍പ് ആരെങ്കിലും കേട്ടിട്ടുട്ടെന്കില്‍, അതെന്റെ കുറ്റമല്ല..!!)

മറക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍(ദൈവത്തിന്റെ കരങ്ങള്‍) ....

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവം ...അന്ന് ഞാന്‍ ബാംഗളൂരില്‍ പഠിക്കുന്നു ..ശങ്കര്‍ മട്ട് എന്ന സ്ഥലത്ത്, ഒരു കുടുംബത്തോടൊപ്പം ആണ് താമസിക്കുന്നത് ..ഏതാനും കിലോമീറ്ററുകള്‍ അകലെ നവരന്ഗ് എന്ന സ്ഥലത്ത് ആണ് കോളേജ്...അവസാന പരീക്ഷയുടെ തലേദിവസം, ഹാള്‍ ടിക്കറ്റ്‌ വാങ്ങാനായി കോളേജില്‍ എത്തി ..അപ്പോഴാണ്‌ അറിഞ്ഞത് , 3500 രൂപ എല്ലാ വിദ്യാര്തികളും ലബോറട്ടറി ഫൈന്‍ ആയി അടയ്ക്കണം ..എങ്കിലേ ഹാള്‍ ടിക്കറ്റ്‌ തരികയുള്ളൂ .. (കോഷന്‍ ടെപോസിറ്റ്‌ പിരിഞ്ഞു പോകുന്ന തിരികെ തരും എന്ന ന്യായവും !!)കയ്യിലാണെങ്കില്‍ വളരെ കുറച്ചു പണമേ ഉള്ളു ..വീട്ടില്‍ നിന്നും ഒരു DD വന്നത് ബാങ്ക് അവധി ആയിരുന്നത് കാരണം മാറാന്‍ കഴിഞ്ഞിട്ടില്ല.അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്തത് കൊണ്ട് സുഹൃത്തുക്കളെ ഒക്കെ ബന്ധപ്പെടാനും പ്രയാസം.താമസിക്കുന്ന വീട്ടില്‍ പണം കടം ചോദിച്ചപ്പോ , അവരും കൈ മലര്‍ത്തി ...അന്ന് താമസിക്കുന്ന വീടിനു അല്പം അകലെ ആയി കുര്ബുര ഹള്ളി എന്ന സ്ഥലത്ത് ഉള്ള ഒരു ചെറിയ പള്ളിയിലാണ് പ്രാര്തനക്കായി പോയിരുന്നത്.. അന്ന് ഉച്ചക്ക് ഉള്ള പ്രാര്‍ത്ഥനക്ക് ശേഷം മടങ്ങി പോകാതെ പള്ളിയില്‍ തന്നെ ഞാന്‍ ഇരുന്നു . പണം സംഘടിപ്പിക്കാന്‍ ഒരു വഴിയും മുന്നിലില്ല.. പരീക്ഷ എഴുത്ത് മുടങ്ങിയത് തന്നെ...വല്ലാത്ത സങ്കടം തോന്നി .അങ്ങനെ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ചുമലില്‍ തൊട്ടു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ പരിചയമുള്ള ഒരു മുഖം .ശങ്കര്‍ മട്ട് ജങ്ക്ഷനില്‍ ഒരു പല ചരക്കു കടയിലെ കൌണ്ടറില്‍ കണ്ടിട്ടുള്ള മുഖം. വൈ - വീ എന്നാണ് ആ കടയുടെ പേര് .മലയാളികളാണ് .കണ്ണൂര്‍ക്കാര് . സോപ്പ് , സിഗരട്ട് തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനായി വല്ലപ്പോഴും ആ കടയില്‍ ഞാന്‍ കയറാറുണ്ട് .ആ കടയിലെ ക്യാഷ് കൌണ്ടറില്‍ മിക്കവാറും കാണുന്ന ആളാണ് എന്റെ സമീപം നില്‍ക്കുന്നത് .അയാള്‍ എന്റെ അടുത്ത് ഇരുന്നു.എന്നിട്ട് ചോദിച്ചു."എന്ത് പറ്റി ? എന്താ പതിവില്ലാതെ ഇവിടെ തന്നെ ഇരിക്കുന്നത്, മുഖം വല്ലാതെ ഇരിക്കുന്നല്ലോ...""പ്രത്യേകിച്ച് ഒന്നുമില്ല " എന്ന് ഞാന്‍ മറുപടി പറഞ്ഞു..അയാള്‍ എന്നെ നിര്‍ബന്ധിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . എന്നിട്ട് അഞ്ചു മണിക്ക് ശേഷം കടയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു .ദുരഭിമാനവും ഒപ്പം സന്തോഷവും ഒരുമിച്ചു തോന്നി .വൈകുന്നേരം വരെ ചിന്തിച്ചു, മറ്റു നിവൃത്തി ഇല്ലാത്തത് കൊണ്ട് പോകാന്‍ തന്നെ തീരുമാനിച്ചു .കടയില്‍ ചെന്നപ്പോള്‍ , ഉച്ചയ്ക്ക് കണ്ട ആളുടെ ജ്യേഷ്ഠന്‍ ആണ് കടയില്‍ ഇരിക്കുന്നത് . ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങി.ഇത് കണ്ട അദ്ദേഹം എന്നെ വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ കുറെ നോട്ടുകള്‍ റബ്ബര്‍ ബാന്‍ഡ്‌ ഇട്ടു മാറ്റി വെച്ചിരുന്നത് എടുത്തു എന്റെ നേരെ നീട്ടി.എന്നിട്ട് പറഞ്ഞു."വിവരങ്ങള്‍ ഒക്കെ അനിയന്‍ പറഞ്ഞു. കോളേജ് ആഫീസ്‌ അടച്ചു കാണില്ല , പെട്ടെന്ന് കൊണ്ട് പോയി ഫീസ്‌ അടയ്ക്കു "എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.. കൈയ്യില്‍ കിടന്ന വാച്ച് ഊരി ഞാന്‍ ആ മേശപ്പുറത്തു വെച്ചു...( അല്പമെങ്കിലും വിലപിടിപ്പുള്ള ഏക വസ്തു എന്റെ കയ്യിലുള്ളത് അതായിരുന്നു ). ഒപ്പം കയ്യില്‍ ഉണ്ടായിരുന്ന ആറായിരം രൂപയുടെ DD യും ."ഇതിവിടെ ഇരിക്കട്ടെ ഇക്കാ, മറ്റന്നാള്‍ എന്റെ കൂടെ ആരെ എങ്കിലും ഈ DD യുമായി ബാങ്കില്‍ അയച്ചാല്‍ മതി. അത് വരെ ഇത് ഇവിടെ ഇരിക്കട്ടെ .."അയാള്‍ ആ വാച്ച് എടുത്തു എന്റെ കയ്യില്‍ കെട്ടി തന്നു.DD എടുത്തു എന്റെ പോക്കറ്റിലും വെച്ചു തന്നു .എന്നിട്ട് പറഞ്ഞു ."വാച്ച് മേശയില്‍ വെക്കനുല്ലതല്ല, കയ്യില്‍ കെട്ടാനുള്ളതാണ്. നിന്നോട് പണയം ചോദിച്ചിട്ടാണോ ഞങ്ങള്‍ ഈ പൈസ നിനക്ക് തരാന്‍ തീരുമാനിച്ചത്? വേഗം കൊണ്ട് പോയി ഫീസ്‌ അടയ്ക്കു. DD നീ തന്നെ പോയി മാറിയാല്‍ മതി ".ഞാന്‍ ഉടനെ തന്നെ പണം അടക്കുകയും പിറ്റേ ദിവസം പരീക്ഷ എഴുതുകയും ചെയ്തു.അടുത്ത ദിവസം ബാങ്ക് തുറന്നു DD മാറി പണം തിരികെ കൊണ്ട് കൊടുത്തു . ഒരു നന്ദി വാക്ക് പറയാന്‍ പോലും അവര്‍ സമ്മതിച്ചില്ല.എന്റെ പേര് പോലും അവര്‍ ചോദിച്ചില്ല (അവിശ്വസനീയം ആയി തോന്നിയേക്കാം..പക്ഷെ സത്യമാണ് ). ഇളയ ആളുടെ പേര് നസീര്‍ എന്നാണ്.പരീക്ഷ കഴിഞ്ഞു യാത്ര പറയാന്‍ പോയപ്പോഴും അവര്‍ ഒരു സാധാരണ കസ്റ്റമര്‍ എന്നതിനപ്പുറം കൂടുതല്‍ പരിചയം എന്നോട് കാണിച്ചില്ല.ഇപ്പോഴും ആ മുഖങ്ങള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ദൈവമല്ലാതെ മറ്റെന്ത് ?

Wednesday, September 23, 2009

ഉണങ്ങാത്ത ഒരു കണ്ണീര്‍ കാഴ്ച ...



ഒരു ബ്ലോഗ്‌ ആയി എഴുതാനുള്ള വക ഒന്നുമില്ല .പക്ഷെ ..ഉണങാത്ത കണ്ണീരുമായി ഉള്ളം നോവിച്ചു കൊണ്ടിരിക്കുന്ന ഒരു കാഴ്ച, നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി ..പങ്കു വെച്ചാല്‍ സങ്കടം പകുതി ആവുമെന്നല്ലേ...ഏതാനും ദിവസം മുന്‍പ് ഒരു കേസിന്റെ ആവശ്യവുമായി ദുബായ്‌ പബ്ലിക്‌ പ്രോസിക്യുട്ടര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഞാന്‍.പബ്ലിക്‌ പ്രോസേക്യുട്ടരുടെ ഓഫീസിനു മുന്നിലുള്ള കാത്തിരിപ്പ്‌ മുറിയില്‍ ഊഴവും കാത്തു ഞാന്‍ ഇരുന്നു.മുന്‍പിലെ മേശയില്‍ സുലൈമാനി നിറച്ച പാത്രവും ഗ്ലാസുകളും.. പിന്നെ, അറബി ഭാഷയിലുള്ള കുറെ പത്രങ്ങളും ആനുകാലികങ്ങളും..കാത്തിരുന്നു മുഷിയുന്നവര്‍ക്ക് കുടിക്കാനും വായിക്കാനും .അല്പം കഴിഞ്ഞപ്പോ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ഒരു മനുഷ്യനെ അവിടേക്ക് കൊണ്ട് വന്നു .. ഏതോ ഒരു ആഫ്രിക്കന്‍ രാജ്യക്കാരന്‍ ആണെന്ന് തോന്നി . ഏകദേശം ഇരുപത്തി ഏഴു വയസ്സ്‌ പ്രായം തോന്നിക്കും .. കറുത്തവന്‍ എങ്കിലും നല്ല മുഖ ശ്രീ... മുഖത്ത് സങ്കടം നിഴല്‍ വിരിക്കുന്നുന്ടെന്കിലും.ഒരു വരയന്‍ ടീ ഷര്‍ട്ടും ജീന്‍സും ആണ് വേഷം.അയാള്‍ ഞാന്‍ ഇരിക്കുന്നതിനു മുന്നിലായി എനിക്കെതിരെ ഉള്ള ഒരു കസേരയില്‍ ഇരുന്നു.. എനിക്കഭിമുഖം ആയിട്ട് .കയ്യില്‍ ഏതോ ഒരു ഇംഗ്ലീഷ് പുസ്തകംകയ്യില്‍ വിലങ്ങു ഇട്ടിട്ടുണ്ട് ..ഇവിടുത്തെ കൈ വിലങ്ങു നമ്മുടെ നാട്ടിലെ വിലങ്ങു പോലെ ഇടയ്ക്ക് ചങ്ങല ഉള്ള തരം അല്ല. രണ്ടു ഡി അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും ചേര്‍ത്ത് വെച്ച് പിടിപ്പിച്ചത് പോലെയാണ് .. കൈ ചേര്‍ത്ത് കെട്ടിയത് പോലെ ചേര്‍ന്നിരിക്കും .ഒരു സ്വാതന്ത്ര്യവും ഇല്ലാതെ..അയാള്‍ അവിടെ വന്നിരുന്നു ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോ ഏകദേശം ഇരുപത്തി രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് വന്നു. അവളെ കണ്ടതും അയാളുടെ മുഖം പ്രസന്നമായി . അവള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്നു. അയാള്‍ കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് അത് തന്റെ ഭാര്യ ആണെന്ന് പറഞ്ഞു .പോലീസുകാരന്‍ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ച ശേഷം മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു. എന്നിട്ട് അയാളുടെ കയ്യിലെ വിലങ്ങുകള്‍ അഴിച്ചു മാറ്റി.അയാളുടെ മുഖം വല്ലാതെ പ്രസ്സന്നമായി . അവള്‍ അയാളെ കെട്ടി പിടിച്ചു ചുംബിച്ചു ..എന്തോ രണ്ടു മൂന്ന് വാക്കുകള്‍ പരസ്പരം സംസാരിച്ചു.എന്നിട്ട് നിലത്തു അയാളുടെ കാലുകള്‍ക്ക് അടുത്തായി ഇരുന്നു.. അയാളുടെ കാലുകളില്‍ ഇരു കൈ കൊണ്ടും പിടിച്ചു കൊണ്ട്..മുഖം അയാളുടെ മടിയില്‍ ചേര്‍ത്ത് വെച്ച് കൊണ്ട്...അയാള്‍ അവളുടെ തലയില്‍ തഴുകി കൊണ്ടിരുന്നു ... സാവധാനം.. നിര്‍ത്താതെ...രണ്ടു പേരുടേയും കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ട് ..അവള്‍ ഇടയ്ക്ക്‌ ഇടയ്ക്ക് മുഖം ഉയര്‍ത്തി അയാളുടെ മുഖത്തേക്ക് നോക്കും...കണ്ണീരിനിടയിലൂടെ അയാള്‍ പുഞ്ചിരിക്കും.. ഒപ്പം അവളും..രണ്ടു പേരും ഒന്നും മിണ്ടുന്നില്ല..ഇത് കണ്ടു ഇരിക്കാന്‍ വയ്യാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി ..അയാളുടെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരനോട് എന്താണ് അയാളുടെ പേരിലുള്ള കുറ്റം എന്ന് ചോദിച്ചു ..ചെക്ക് കേസ് ആണ് ...ഏതോ സുഹൃത്തിനു ബാങ്കില്‍ ജാമ്യം നിന്നു, വന്‍ തുകയ്ക്ക് .. സുഹൃത്ത്‌ ബാങ്കിനെ വഞ്ചിച്ചു നാട് വിട്ടു പോയി..!!ഇയാള്‍ ഏതാനും ആഴ്ചകളായി റിമാണ്ടില്‍ ആണ്.വിചാരണ തുടങ്ങാന്‍ പോകുന്നത്തെ ഉള്ളു . പണം അടച്ചു കേസ് settle ചെയ്തില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്.അപ്പോഴേക്കും എന്നെ പ്രോസിക്യുട്ടരുടെ ആഫീസിലേക്ക് വിളിച്ചു.ഒരു മണിക്കൂറോളം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവരെ അവിടെ കണ്ടില്ല.ആഴ്ചകള്‍ കഴിഞ്ഞിട്ടും ആ മുഖങ്ങളും അവരുടെ കണ്ണുനീരും മനസ്സില്‍ ഒരു നൊമ്പരമായി മായാതെ നില്‍ക്കുന്നു.ഒരു പക്ഷെ ഈ അവസ്ഥ എനിക്കും നേരിടേണ്ടി വന്നേക്കാം എന്ന ഉള്‍ഭയം കൂടി ആവും കാരണം..!എന്തെന്നാല്‍ വിചാരണ നടക്കുന്ന ഒരു കേസിലെ പ്രതി ആണ് ഞാനും. കൊലക്കേസ് പ്രതി..മനസ്സറിയാത്ത കാര്യം ആണെങ്കിലും !!

ഹസാര്‍ഡ്‌ ലൈറ്റും മദാമ്മയും .....എന്റമ്മോ !!!

ഇന്ന് വൈകിട്ട് ഉണ്ടായ ഒരു കുഞ്ഞു സംഭവം ..കുഞ്ഞു സംഭവം എന്ന് പറഞ്ഞെകിലും ഇപ്പഴും ചങ്കിടിക്കുവാ ....!!ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ദുബായ് മറീനയിലെ ഓഫീസില്‍ നിന്നും വണ്ടിയുമെടുത്ത്‌ കരാമയിലേക്ക് പുറപ്പെട്ടതാണ് !! റേഡിയോ വെച്ചപ്പോ ഹിറ്റ്‌ എഫ്‌ എമ്മില്‍ സിന്ധുവിന്റെ ചോക്ലാത്തി !! (ഹിറ്റ്‌ എഫ്‌ എമ്മിലെ അവതാരക തരുണികളില്‍ നൈല അല്ലാതെ ആരെയും എനിക്ക് പൊതുവേ ഇഷ്ടമല്ല ..മായയെ സഹിക്കാനെ പാടില്ല!! പക്ഷെ കാലത്ത് ബിഗ്‌ ബ്രെയ്ക്ക്‌ ഫാസ്റ്റ്‌ കള്ബ്ബില്‍ നൈലയെ കേട്ട് കൊണ്ട് വണ്ടി ഓടിക്കുന്നത് ഒരു ENERGIZING അനുഭവമാണ് !!)അങ്ങനെ സിന്ധുവിനെ ഒഴിവാക്കാനായി നമ്മുടെ സ്വന്തം റേഡിയോ സ്റ്റേഷന്‍ ആയ FM MODULATOR തപ്പിയെടുത്തു. അപ്പോഴേക്കും വണ്ടി മറീന പാലത്തില്‍ കയറിയിരുന്നു .. ....മുന്‍പില്‍ ഒരു വെളുത്ത BMW കാര്‍ അലസ ഗമനം നടത്തുന്നു ..ഹസാര്‍ഡ്‌ ലൈറ്റ് രണ്ടും മിന്നുന്നുണ്ട് ( ഗള്‍ഫുകാരായ മലയാളികളുടെ ഒരു വിശ്വാസം ഈ ഹസാര്‍ഡ്‌ ലൈറ്റ് എന്ന് പറയുന്ന സാധനം വണ്ടി റോഡിനു നടുക്ക് ഇട്ടിട്ടു കടയില്‍ കയറി സാധനം വാങ്ങാനുള്ള ലൈസന്‍സ് ആണെന്നാ..!!)പക്ഷെ വണ്ടി പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട ഹസാര്‍ഡ്‌ ലൈറ്റ് ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കു ഇടുന്നത്അപകടകരമാണ് ... വണ്ടി ഓടിക്കുന്നവര്‍ക്കും അടുത്ത് കൂടി പോകുന്ന മറ്റു വണ്ടികള്‍ക്കും.. കാരണം .ഇടത്തോട്ടോ വലത്തോട്ട് തിരിയുംപോഴോ ലയ്ന്‍ ചേഞ്ച്‌ ചെയ്യുമ്പോഴോ മറ്റുള്ളവര്‍ അറിയില്ല , രണ്ടു indicator സിഗ്നലുകളും ഇങ്ങനെ കത്തി അണഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍..ഇത് കണ്ടതോടെ എന്നിലെ മലയാളി സട കുടഞ്ഞെഴുന്നേറ്റു ...നമുക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ലാലോ !!മിക്കവാറും ആ വണ്ടിക്കാരന്‍ എവിടെ എങ്കിലും പാര്‍ക്ക് ചെയ്തിട്ട് വണ്ടി എടുത്തപ്പോ ഹസാര്‍ഡ്‌ ലൈറ്റ് ഓഫ്‌ ചെയ്യാന്‍ മറന്നു പോയതാകാനാണ് വഴി ..പാലം കഴിഞ്ഞുള്ള സിഗ്നലില്‍ വണ്ടി നിര്‍ത്തി വീണ്ടും എടുത്തപ്പോഴും മുന്നിലെ വണ്ടിയിലെ ഹസാര്‍ഡ്‌ മിന്നിക്കൊണ്ടേ ഇരുന്നു... എനിക്ക് പ്രതികരിക്കാതിരിക്കാന്‍ വയ്യെന്നായി..തൊട്ടടുത്ത അല്‍ സുഫോഹ് സിഗ്നലില്‍ ആ വണ്ടി നിര്‍ത്തിയപ്പോള്‍ ഇടതു വശത്ത് തന്നെ ഞാനും കൊണ്ട് വണ്ടി നിര്‍ത്തി...ആ വണ്ടിയുടെ അകത്തു ആരാണെന്ന് ടിന്റെട് വിണ്ടോവിലൂടെ വ്യക്തമല്ല .ഞാനൊന്നു ഹോണ്‍ അടിച്ചു...അനക്കമില്ല...ഒന്ന് കൂടി ഹോര്‍ണടിച്ചു .ഇപ്പോള്‍ വണ്ടിയുടെ സൈഡ് ഗ്ലാസ്‌ താഴ്ന്നു..ഡ്രൈവിംഗ് സീറ്റില്‍ മുട്ടന്‍ ഒരു മദാമ്മ .. അടുത്ത് ഒരു എലുമ്പന്‍ സായിപ്പും ( ലളിത ശ്രീയും കൃഷ്ണന്‍ കുട്ടി നായരും പോലെ !!)ഞാനും എന്റെ വണ്ടിയുടെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി ..മദാമ്മ സണ്‍ ഗ്ലാസ്‌ മാറ്റി എന്റെ നേര്‍ക്ക്‌ പുരികം ഉയര്‍ത്തി ..(ദുബായില്‍ ഒരു വണ്ടി മറ്റൊരു വണ്ടിയുടെ തന്തക്കു വിളിക്കുന്നതിനു പകരമായാണ് ഹോണ്‍ മുഴക്കുന്നത് !! ഇവിടെ റോഡുകളില്‍ നമ്മുടെ നാട്ടിലെ പോലെ വണ്ടികള്‍ തുരു തുരാ ഹോണ്‍ അടിക്കാറില്ല, അതിന്റെ ആവശ്യവും ഇല്ല... മുന്‍പിലുള്ള വണ്ടി സിഗ്നല്‍ തരാതെ ലൈന്‍ ചേഞ്ച്‌ ചെയ്യുമ്പോഴോ മറ്റെന്തെകിലും പിതാവില്ലാത്തരം കാണിക്കുംപോഴോ നമ്മുടെ പിന്നിലുള്ള വണ്ടി പ്രതിഷേധ സൂചകമായി ഹോണ്‍ അടിയ്ക്കുക പതിവാണ് !!)ഞാന്‍ മദാമ്മയോടു " ഹസാര്‍ഡ്‌ ലൈറ്റ് , ഹസാര്‍ഡ്‌ ലൈറ്റ്" എന്ന് വിളിച്ചു പറഞ്ഞു ..റോഡിലെ ഇരമ്പവും വണ്ടിയിലെ പാട്ടും കാരണം ഞാന്‍ പറഞ്ഞത് മദാമ്മ കേട്ടില്ല ( അതോ എന്റെ അത്രയും സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തതു കൊണ്ട് മദാമ്മക്ക്‌ എന്റെ ഇംഗ്ലീഷ് മനസ്സിലാവഞ്ഞതോ..!!)എന്തായാലും രണ്ടു മൂന്ന് തവണ പറഞ്ഞിട്ടും മദാമ്മക്കും സായിപ്പിനും കാര്യം മനസ്സിലാവുന്നില്ല..ഞാന്‍ അറ്റ കൈക്ക് വിശ്വ ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു.രണ്ടു കയ്യും ഉയര്‍ത്തി ലൈറ്റ് കത്തുകയും അണയുകയും ചെയ്യുന്നത് പോലെ ആംഗ്യം കാണിച്ചു..ഇത് കണ്ടതും മദാമ്മ സായിപ്പിനോട്‌ എന്തോ പറയുകയും എന്റെ ആംഗ്യം ചൂണ്ടി കാണിക്കുകയും ചെയ്തു.."ഹൊ ..രക്ഷപ്പെട്ടു ..അവര്‍ക്ക് കാര്യം മനസ്സിലാവുന്നുണ്ട് " എന്ന് കരുതി ഞാന്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ആംഗ്യം കാണിച്ചു...ഇത് കണ്ടതും സായിപ്പും മദാമ്മയും ഉറക്കെ എന്റെ നേരെ പച്ച തെറി വിളി തുടങ്ങി ..സ്ഥിര പരിചിതമായ ചില ഇംഗ്ലീഷ് തെറികളെ എനിക്ക് മനസ്സിലായുള്ളൂ ...പക്ഷെ അവരുടെ മുഖ ഭാവത്തില്‍ നിന്നും എനിക്ക് പരിചയമുള്ള തെറികളെക്കാള്‍ മുട്ടനാണ്‌ പരിചയമില്ലാത്ത തെറികള്‍ എന്ന് മനസ്സിലായി .ഞാന്‍ പെട്ടെന്ന് സൈഡ് ഗ്ലാസ്സ്‌ കയറ്റി ഇട്ടു...എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും സിഗ്നലില്‍ പച്ച തെളിഞ്ഞു...ഞാന്‍ വണ്ടി എടുത്തു മാക്സിമം സ്പീഡില്‍ കത്തിച്ചു വിട്ടു മീഡിയ സിറ്റിക്കുള്ളിലേക്ക് കയറി രക്ഷപ്പെട്ടു !!ഒന്ന് സമാധാനം ആയപ്പോ ഞാന്‍ ചിന്തിച്ചു... ഈ ഉപകാരം ചെയ്യാന്‍ പോയ എന്നെ എന്തിനാവും മദാമ്മ തെറിവിളിച്ചത്‌... ഒരു പിടിയും കിട്ടിയില്ല... അടുത്ത സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അതേ ആംഗ്യം ( രണ്ടു കൈ കൊണ്ട് ലൈറ്റ് കത്തി അണയുന്നത് ) ഒന്ന് കൂടി സ്വയം കാണിച്ചു നോക്കി....എന്റമ്മോ... ഇത് തന്നെ അല്ലെ വണ്ടിയുടെ പോ.. പോ.. അടിക്കുന്ന ആംഗ്യവും ?? !!!അയ്യേ !!മദാമ്മ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.... ഞാന്‍ കാണിച്ച ആംഗ്യം അശ്ലീല ആംഗ്യം ആയാണ് അവര്‍ കരുതി ഇരിക്കുന്നത്...ഇനി എന്തൊക്കെ സംഭവിക്കാന്‍ പോകുന്നോ എന്തോ ...?!!ആ മദാമ്മ വണ്ടിയുടെ നമ്പര്‍ നോക്കി പോലിസിലെങ്ങാനും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍.....ഓര്‍ക്കാന്‍ കൂടി വയ്യ ..മൊബൈല്‍ ബെല്ലടിക്ക്മ്പോ എന്റെ ചങ്കിടിക്കുവാ... പോലീസ് ആണോ വിളിക്കുന്നത്‌ ....??

എന്റെ ചാരിത്ര്യം പോയെ....


എന്റെ ചാരിത്ര്യം പോയെ....കഴിഞ്ഞ 4 വര്‍ഷ കാലമായി ദുബായില് ഒരു ക്യാമറ പാപ്പരാസി ഭീകരനും പിടി കൊടുക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ച എന്റെ ചാരിത്ര്യം ഇന്നലെ ജുമൈര റോഡിന്റെ അങ്ങേയറ്റത്തുള്ള ആ ഒടുക്കത്തെ ക്യാമറ പിച്ചി ചീന്തി....ഇടയ്ക്കൊക്കെ ചില്ലറ പാര്‍ക്കിംഗ് സമയം അതിക്രമിച്ചു പോയെന്നോ... lane discipline പാലിച്ചില്ല എന്നൊക്കെ പാരഞ്ഞു ചില്ലറ മുക്കാലിഫ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ..ഇത് വരെ ഈ ക്യാമറ ഭീകരര്‍ക്ക്‌ പിടി കൊടുക്കേണ്ടി വന്നിട്ടില്ല...ക്യാമറ കാണുന്നിടത്തൊക്കെ ഒന്ന് ചവിട്ടി... അവരെ ബഹുമാനിച്ചു മാത്രമേ ഞാന്‍ പോയിട്ടുള്ളൂ... ഇത്വരെ... എന്നിട്ടും...ഇന്നലെ ഉച്ച തിരിഞ്ഞു.... ആ കുള്ളന്‍ ക്യാമറ എന്റെ ഫോട്ടോ എടുത്തു കളഞ്ഞു....!!600 ദിര്‍ഹമാണ് പിഴ എന്ന് ആരൊക്കെയോ പറഞ്ഞു .. (600 x12.30 =7380 രൂപ!!! എന്ടമ്മോ...നല്ലൊരു പശൂനെ വാങ്ങാനുള്ള കാശുണ്ട്!!! )എഴുപതു കിലോമീറ്റെര്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നിടത് അല്പ സ്വല്പം കൂടി പോയി എന്ന് വെച്ച് ഇങ്ങനെ ഒക്കെ ചെയ്യാമോ.... എഴുപതില്‍ കുറച്ചു ഓടിച്ചാല്‍ ഇങ്ങോട്ട് കാശൊന്നും തരത്തില്ലല്ലോ.. പിന്നെന്തിനാ എഴുപതില്‍ കൂടി പോയി എന്ന് പറഞ്ഞു അങ്ങോട്ട്‌ കാശ് വാങ്ങുന്നത് ??!!എന്തായാലും ഇതൊക്കെ ഓര്‍ത്തു ഇന്നലെ രാത്രിയിലെ ഉറക്കം പോയത് മിച്ചം...പക്ഷെ നമ്മളൊക്കെ മലയാളീസ്‌ അല്ലെ...??അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ പറ്റുമോ..പ്രതികാരം ചെയ്യാന്‍ ഇനി ക്വട്ടേഷന്‍ കാരെ ഒന്നും തിരക്കി നടക്കാന്‍ വയ്യ...ഇന്ന് കാലത്ത് ഞാന്‍ എന്റെ പടമെടുത ആ നീച കശ്മല ക്യാമറയ്ക്ക് എതിരില്‍ ഞാന്‍ എന്റെ മധുര പ്രതികാ രം നിര്‍വ്വഹിച്ചുഅവന്‍ അറിയാതെ അവന്റെ ഫോട്ടോ ഞാനും എടുത്തു....ഇന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങും!!!ഇന്ന് രാത്രി ആ ക്യാമറയുടെ ഉറക്കം പോയത് തന്നെ...!!

Sunday, February 15, 2009

ഓരോരുത്തരുടെ തല പോകുന്ന പോക്കെ...!!

ഈ വീഡിയോ ഒന്നു കണ്ട് നോക്കിയെ... subtitles വായിക്കണം ഒപ്പം...

മഷിത്തണ്ട് - ഒരു മലയാളം നിഘണ്ടു

മഷിത്തണ്ട് -മലയാളം നിഘണ്ടു തുറക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക

http://www.mashithantu.com/malayalam-dictionary/nighantu.html

മൈക്രോസോഫ്റ്റ് calculator ന്റെ പിഴവ്...

ഇന്നലെ ഒരു ഇഷ്ടന്‍ അയച്ച ഒരു മെയില്‍...
microsoft calculator ല്‍ 2704 നെ 52 കൊണ്ടു ഹരിക്കാന്‍ പറ്റില്ല ...... 50, 51, 53, 54 ഈ സംഖ്യകള്‍ കൊണ്ടൊന്നും ഹരിക്കുമ്പോള്‍ ഒരു പ്രശ്നവുമില്ല.
ഞാനും ഒന്നു പരിശോധിച്ച് നോക്കി..
സത്യം...
2704 നെ 52 കൊണ്ടു ഹരിക്കാന്‍ പറ്റുന്നില്ല...
യന്ത്രം പിണങ്ങും...
ഓരോരുത്തരുടെ ഓരോ കണ്ടുപിടുത്തങ്ങളെ ......!!!

Saturday, February 14, 2009

ദുബായ് പഴകിപ്പോയോ??

ഇന്നു കാലത്ത്‌ കരാമയില്‍ നിന്നും ദുബായ് മറീനയിലേക്ക് പോകുമ്പോ ഷെയ്ക്ക് സയ്ദ് റോഡിനു ഒരു പഴന്ച്ചന്‍ ലുക്ക്...ഇതെന്താ ഇങ്ങനെ എന്ന് ഒരു നിമിഷം ചിന്തിച്ചു... വഴിയരികിലുള്ള കൂറ്റന്‍ ബോര്‍ഡുകളും കെട്ടിടങ്ങളും ഒക്കെ പഴമയുടെ മഞ്ഞ നിറം ബാധിച്ചത് പോലെ..v
ഇടത് വശത്ത് ദുബായ് മെട്രോയുടെ പുര്‍ത്ത്തി ആയി കൊണ്ടിരിക്കുന്ന പാലത്തിനും ഒരു മഞ്ഞ നിറം.
അല്പം കഴിഞ്ഞാണ്‌ മനസ്സിലായത്... കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് പകര്‍ന്നതാണീ മഞ്ഞ നിറം...
ഇങ്ങനെയാണീ നഗരം... പ്രത്യേകിച്ച് കാലാവസ്ഥ!!
നിമിഷങ്ങള്‍ കൊണ്ടാണ് മാറുന്നത് ....ആദ്യമായി പൊടിക്കാറ്റ് കണ്ടപ്പോ..3 വര്‍ഷങ്ങള്‍ക്കു മുന്പ് ...
വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു.. ഉച്ച തിരിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല... പക്ഷെ.. നാല് മണിയോടെ വൈകിട്ടത്തെ ഷിഫ്റ്റ് ജോലിക്കായി പുറത്തേക്ക് ഇറങ്ങിയപ്പോ..
കണ്ണ് കാണാന്‍ വയ്യ.. പത്ത് അടിക്ക് അപ്പുറം ഒന്നും കാണാന്‍ വയ്യ.. ഒരു വല്ലാത്ത അനുഭവം ആയിരുന്നു...

അത് പോലെ തന്നെ ആണ് ഇവിടെ ചു‌ടും തണുപ്പും ഒക്കെ തുടങ്ങുന്നത്.. ഒറ്റ ദിവസം കൊണ്ട്...
ഇപ്പൊ recession തുടങ്ങിയ ശേഷം മനുഷ്യന്റെ കാര്യവും ഇതു പോലെ തന്നെയാ ഇവിടെ,,,
ഒരു മുന്നറിയിപ്പും ഇല്ലാതെ... ഒറ്റ ദിവസം കൊണ്ടാ പലര്ക്കും പണി പോയി കിട്ടിയത്...!!!!

Tuesday, February 10, 2009

ഏറെ രസിച്ചൊരു കോമഡി രംഗം

എല്ലാവരും എഴുതുന്നു.. എങ്കില്‍ പിന്നെ !!!


എല്ലാവരും ബ്ലോഗ് എഴുതുന്നു..ബച്ചനും മമ്മൂട്ടിയേയും പോലെ തിരക്ക് പിടിച്ചവര്‍ പോലും ..
അപ്പൊ ..പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ഞാനും എന്തെങ്കിലും ഒക്കെ ഒന്നു കുത്തിക്കുറിച്ച് വെച്ചാല്‍, പിന്നെ എപ്പോഴെങ്കിലും ഒക്കെ എടുത്തു തനിയെ വായിക്കാമല്ലോ!!
ആഗോള മാന്ദ്യം എപ്പഴാ ജോലി കളയുന്നതെന്ന് പറയാന്‍ വയ്യ!!
അങ്ങനെ സംഭവിച്ചാല്‍ നേരം കളയാന്‍ ഒരു വഴി ഇപ്പഴേ കണ്ടു വെക്കുന്നത് നല്ലത് തന്നെയല്ലേ..
പലരും എഴുതുന്നത് വായിച്ചപ്പോ അത്ഭുതം തോന്നിയിട്ടുണ്ട്.. എഴുത്തിന്റെ skill കണ്ടിട്ട് ... തല്‍ക്കാലം അറിയവുനത് പോലെ ഒക്കെ എഴുതാം.. നന്നാകുമായിരിക്കും, കുറെ കഴിയുംപോഴെന്കിലും !!