-
Friday, October 9, 2009
മറക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍(ദൈവത്തിന്റെ കരങ്ങള്‍) ....
പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവം ...അന്ന് ഞാന്‍ ബാംഗളൂരില്‍ പഠിക്കുന്നു ..ശങ്കര്‍ മട്ട് എന്ന സ്ഥലത്ത്, ഒരു കുടുംബത്തോടൊപ്പം ആണ് താമസിക്കുന്നത് ..ഏതാനും കിലോമീറ്ററുകള്‍ അകലെ നവരന്ഗ് എന്ന സ്ഥലത്ത് ആണ് കോളേജ്...അവസാന പരീക്ഷയുടെ തലേദിവസം, ഹാള്‍ ടിക്കറ്റ് വാങ്ങാനായി കോളേജില്‍ എത്തി ..അപ്പോഴാണ് അറിഞ്ഞത് , 3500 രൂപ എല്ലാ വിദ്യാര്തികളും ലബോറട്ടറി ഫൈന്‍ ആയി അടയ്ക്കണം ..എങ്കിലേ ഹാള്‍ ടിക്കറ്റ് തരികയുള്ളൂ .. (കോഷന്‍ ടെപോസിറ്റ് പിരിഞ്ഞു പോകുന്ന തിരികെ തരും എന്ന ന്യായവും !!)കയ്യിലാണെങ്കില്‍ വളരെ കുറച്ചു പണമേ ഉള്ളു ..വീട്ടില്‍ നിന്നും ഒരു DD വന്നത് ബാങ്ക് അവധി ആയിരുന്നത് കാരണം മാറാന്‍ കഴിഞ്ഞിട്ടില്ല.അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്തത് കൊണ്ട് സുഹൃത്തുക്കളെ ഒക്കെ ബന്ധപ്പെടാനും പ്രയാസം.താമസിക്കുന്ന വീട്ടില്‍ പണം കടം ചോദിച്ചപ്പോ , അവരും കൈ മലര്‍ത്തി ...അന്ന് താമസിക്കുന്ന വീടിനു അല്പം അകലെ ആയി കുര്ബുര ഹള്ളി എന്ന സ്ഥലത്ത് ഉള്ള ഒരു ചെറിയ പള്ളിയിലാണ് പ്രാര്തനക്കായി പോയിരുന്നത്.. അന്ന് ഉച്ചക്ക് ഉള്ള പ്രാര്‍ത്ഥനക്ക് ശേഷം മടങ്ങി പോകാതെ പള്ളിയില്‍ തന്നെ ഞാന്‍ ഇരുന്നു . പണം സംഘടിപ്പിക്കാന്‍ ഒരു വഴിയും മുന്നിലില്ല.. പരീക്ഷ എഴുത്ത് മുടങ്ങിയത് തന്നെ...വല്ലാത്ത സങ്കടം തോന്നി .അങ്ങനെ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ചുമലില്‍ തൊട്ടു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ പരിചയമുള്ള ഒരു മുഖം .ശങ്കര്‍ മട്ട് ജങ്ക്ഷനില്‍ ഒരു പല ചരക്കു കടയിലെ കൌണ്ടറില്‍ കണ്ടിട്ടുള്ള മുഖം. വൈ - വീ എന്നാണ് ആ കടയുടെ പേര് .മലയാളികളാണ് .കണ്ണൂര്‍ക്കാര് . സോപ്പ് , സിഗരട്ട് തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനായി വല്ലപ്പോഴും ആ കടയില്‍ ഞാന്‍ കയറാറുണ്ട് .ആ കടയിലെ ക്യാഷ് കൌണ്ടറില്‍ മിക്കവാറും കാണുന്ന ആളാണ് എന്റെ സമീപം നില്‍ക്കുന്നത് .അയാള്‍ എന്റെ അടുത്ത് ഇരുന്നു.എന്നിട്ട് ചോദിച്ചു."എന്ത് പറ്റി ? എന്താ പതിവില്ലാതെ ഇവിടെ തന്നെ ഇരിക്കുന്നത്, മുഖം വല്ലാതെ ഇരിക്കുന്നല്ലോ...""പ്രത്യേകിച്ച് ഒന്നുമില്ല " എന്ന് ഞാന്‍ മറുപടി പറഞ്ഞു..അയാള്‍ എന്നെ നിര്‍ബന്ധിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . എന്നിട്ട് അഞ്ചു മണിക്ക് ശേഷം കടയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു .ദുരഭിമാനവും ഒപ്പം സന്തോഷവും ഒരുമിച്ചു തോന്നി .വൈകുന്നേരം വരെ ചിന്തിച്ചു, മറ്റു നിവൃത്തി ഇല്ലാത്തത് കൊണ്ട് പോകാന്‍ തന്നെ തീരുമാനിച്ചു .കടയില്‍ ചെന്നപ്പോള്‍ , ഉച്ചയ്ക്ക് കണ്ട ആളുടെ ജ്യേഷ്ഠന്‍ ആണ് കടയില്‍ ഇരിക്കുന്നത് . ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങി.ഇത് കണ്ട അദ്ദേഹം എന്നെ വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ കുറെ നോട്ടുകള്‍ റബ്ബര്‍ ബാന്‍ഡ് ഇട്ടു മാറ്റി വെച്ചിരുന്നത് എടുത്തു എന്റെ നേരെ നീട്ടി.എന്നിട്ട് പറഞ്ഞു."വിവരങ്ങള്‍ ഒക്കെ അനിയന്‍ പറഞ്ഞു. കോളേജ് ആഫീസ് അടച്ചു കാണില്ല , പെട്ടെന്ന് കൊണ്ട് പോയി ഫീസ് അടയ്ക്കു "എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.. കൈയ്യില്‍ കിടന്ന വാച്ച് ഊരി ഞാന്‍ ആ മേശപ്പുറത്തു വെച്ചു...( അല്പമെങ്കിലും വിലപിടിപ്പുള്ള ഏക വസ്തു എന്റെ കയ്യിലുള്ളത് അതായിരുന്നു ). ഒപ്പം കയ്യില്‍ ഉണ്ടായിരുന്ന ആറായിരം രൂപയുടെ DD യും ."ഇതിവിടെ ഇരിക്കട്ടെ ഇക്കാ, മറ്റന്നാള്‍ എന്റെ കൂടെ ആരെ എങ്കിലും ഈ DD യുമായി ബാങ്കില്‍ അയച്ചാല്‍ മതി. അത് വരെ ഇത് ഇവിടെ ഇരിക്കട്ടെ .."അയാള്‍ ആ വാച്ച് എടുത്തു എന്റെ കയ്യില്‍ കെട്ടി തന്നു.DD എടുത്തു എന്റെ പോക്കറ്റിലും വെച്ചു തന്നു .എന്നിട്ട് പറഞ്ഞു ."വാച്ച് മേശയില്‍ വെക്കനുല്ലതല്ല, കയ്യില്‍ കെട്ടാനുള്ളതാണ്. നിന്നോട് പണയം ചോദിച്ചിട്ടാണോ ഞങ്ങള്‍ ഈ പൈസ നിനക്ക് തരാന്‍ തീരുമാനിച്ചത്? വേഗം കൊണ്ട് പോയി ഫീസ് അടയ്ക്കു. DD നീ തന്നെ പോയി മാറിയാല്‍ മതി ".ഞാന്‍ ഉടനെ തന്നെ പണം അടക്കുകയും പിറ്റേ ദിവസം പരീക്ഷ എഴുതുകയും ചെയ്തു.അടുത്ത ദിവസം ബാങ്ക് തുറന്നു DD മാറി പണം തിരികെ കൊണ്ട് കൊടുത്തു . ഒരു നന്ദി വാക്ക് പറയാന്‍ പോലും അവര്‍ സമ്മതിച്ചില്ല.എന്റെ പേര് പോലും അവര്‍ ചോദിച്ചില്ല (അവിശ്വസനീയം ആയി തോന്നിയേക്കാം..പക്ഷെ സത്യമാണ് ). ഇളയ ആളുടെ പേര് നസീര്‍ എന്നാണ്.പരീക്ഷ കഴിഞ്ഞു യാത്ര പറയാന്‍ പോയപ്പോഴും അവര്‍ ഒരു സാധാരണ കസ്റ്റമര്‍ എന്നതിനപ്പുറം കൂടുതല്‍ പരിചയം എന്നോട് കാണിച്ചില്ല.ഇപ്പോഴും ആ മുഖങ്ങള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ദൈവമല്ലാതെ മറ്റെന്ത് ?
Subscribe to:
Post Comments (Atom)
No comments:
Post a Comment