Friday, October 16, 2009

ദുബായ്- ഇവിടെ ഇങ്ങനെയും ചിലര്‍ !!

ദുബായ് മഹാനഗരത്തിന്റെ മിന്നുന്ന പള പളപ്പിനിടയില്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചാണ് ഈ കുറിപ്പ്.


സകല മാധ്യമങ്ങളിലും വിളമ്പപ്പെടുന്ന ഈ കണ്ണന്ചിപ്പുകളില്‍, ദുബായിലെ മഹാ സൌധങ്ങളുടെ ചിത്രങ്ങളുമായി ഇന്ബോക്സ് നിറയ്ക്കുന്ന ഈ മെയില്‍ ഫോര്‍വെര്ടുകളില്‍ നമ്മള്‍ കാണാത്ത ചിലരെ കുറിച്ച് ..

ലാല്‍ ജോസ് അറബിക്കഥയിലൂടെ ഇവരെ കുറിച്ച് ചിലത് പറഞ്ഞിരുന്നു ..


യാധാര്ത്യത്തിന്റെ വളരെ ചെറിയൊരു അംശം മാത്രം.. !



പറഞ്ഞു വരുന്നത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് അല്ലെങ്കില്‍ നിര്‍മ്മാണ തൊഴിലാളികളെ കുറിച്ചാണ് .



ദുബായിലെ കണ്ണായ സ്ഥലത്ത് ഒരു അമ്പതു നില കെട്ടിടം നിര്‍മ്മിക്കപെടുന്ന സൈറ്റില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത് .

തൊഴിലാളികളോട് അടുത്തിടപഴകുന്ന ജോലി ആയതു കൊണ്ട് തൊഴിലാളികളുമായി കിട്ടുന്ന അവസരങ്ങളിലൊക്കെ ആത്മാര്‍ഥതയോടെ സംവദിക്കാറുണ്ട് .



കാലത്ത് ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഇവരുടെ ജോലി സമയം.(ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ച ഭക്ഷണ സമയം ) പല ലേബര്‍ സപ്ലൈ കമ്പനികളുടെയും ക്യാമ്പുകള്‍ വളരെ ദൂരെ അജ്മാന്‍ എന്നാ സ്ഥലത്ത് ആണ് . ഇവിടെ താരതമ്യേന വാടക കുറവാണ് എന്നതാണ് കാരണം !!



ആറുമണിക്ക് ദുബായിലെ ജബല്‍ അലി എന്നാ സ്ഥലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് വെളുപ്പിന് നാല് മണിക്ക് പുറപ്പെടണം .. പതിനഞ്ചും ഇരുപതും പേരാണ് ഓരോ മുറികളിലും താമസിക്കുന്നത് .. മുപ്പതു മുതല്‍ അമ്പതു പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ ഒരു ടോയ്ലെറ്റ് . അത് കൊണ്ട്, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു നാല് മണിക്ക് പുറപ്പെടണം എങ്കില്‍ രണ്ടരക്കോ മൂന്ന് മണിക്കോ എഴുന്നേല്‍ക്കണം !!



പകല്‍ പതിനൊന്നു മണിക്കൂര്‍ കൊടും ചൂടില്‍ കടിനാധ്വാനതിനു ശേഷം വൈകുന്നേരം ആറരയോടെ സൈറ്റില്‍ നിന്നും പുറപ്പെടുന്ന ഇവര്‍ ക്യാമ്പില്‍ തിരികെ എത്തുന്നത്‌ ഒന്പതരയോടെയാണ് . അത് കഴിഞ്ഞു ഭക്ഷണം ഉണ്ടാക്കി കഴിച്ച്‌, വസ്ത്രങ്ങള്‍ അലക്കി , കുളിയും കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ പന്ത്രണ്ടു മണി കഴിയും ..

പിന്നെയും കാലത്ത് മൂന്നരക്ക് എഴുന്നേല്‍ക്കണം ..!!













ഇതിനൊക്കെ ഒടുവില്‍ കിട്ടുന്ന മാസ ശമ്പളമോ ..അറുന്നൂറു ദിര്‍ഹം !!

അത് തന്നെ മൂന്നും നാലും മാസത്തിനു ശേഷമാണ് ലഭിക്കുക !! പലപ്പോഴും വിസയുടെ ചിലവിന്റെയും മറ്റും പേരില്‍ ഈ ശമ്പളത്തില്‍ നിന്നും പിടുത്തവും ഉണ്ടാകും. അതിനാല്‍ മിക്ക തൊഴിലാളികളുംഅവധി ദിവസമായ വെള്ളിയാഴ്ചയും പണി എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു ..



ഒരു ലേബര്‍ കമ്പനി ഉടമയോട് ഇവരുടെ ഈ ഉറക്ക കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍, അവര്‍ സൈറ്റിലെക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ആവശ്യം പോലെ ഉറങ്ങുന്നുണ്ട് എന്നായിരുന്നു കഴുത്തില്‍ പത്തു പവന്‍ മാലയും വിരലുകളില്‍ കട്ടി മോതിരങ്ങളും അണിഞ്ഞു പ്രാഡോ കാറില്‍ സഞ്ചരിക്കുന്ന ആ മാന്യ ദേഹത്തിന്റെ മറുപടി .!! ഇവിടുത്തെ കൊടും ചൂടില്‍ ശീതികരണി ഇല്ലാത്ത ഈ ബസ്സുകളിലെ യാത്ര തന്നെ മറ്റൊരു പീഡനമാണ് ..

വെളുപ്പിന് നാല് മണിക്ക് പ്ലാസ്റ്റിക് കവറില്‍ കുറച്ചു തൈരുമോഴിച്ചു കെട്ടികൊണ്ട് വരുന്ന ചോറ് , ഉച്ചയാവുമ്പോഴെക്കും വളിച്ചു പോയിരിക്കും.


അത് കഴിച്ചാണ് ഇവര്‍ വിശപ്പടക്കുന്നത്.

ആ നേരം ... ഇവരുടെ ഭാര്യമാര്‍ , അങ്ങ് ദൂരെ നാട്ടില്‍ ചന്തയിലെ ഏറ്റവും മുന്തിയ മത്സ്യവും ഇറച്ചിയും തെരെഞ്ഞെടുക്കുകയാവും .

മക്കള്‍ ലേറ്റസ്റ്റ് മൊബൈലില്‍ എമ്മെമ്മെസ് വിട്ടു കളിക്കുന്നുണ്ടാവും ...




ഇവരില്‍ ഭാര്തീയരുണ്ട്, ശ്രീലങ്കക്കാരുണ്ട് , പാകിസ്ഥാനികളും ബന്ഗ്ലദേശികളുമുണ്ട് ..

ദേശീയതയും വര്‍ഗ്ഗീയതും ശത്രുതയുമൊക്കെ ഇവര്‍ക്കന്യമാണ് ..!!



ദുബായിലെ സമ്പന്ന സൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുക എന്നതല്ലാതെ ഇവര്‍ക്ക് വേണ്ടി നമുക്ക് വലുതായൊന്നും ചെയ്യാനില്ല എന്നറിയാം.

എങ്കിലും...

മനസ്സ് കൊണ്ടെങ്കിലും നമുക്ക് ഇവരോടൊപ്പം നില്‍ക്കാം !!

Friday, October 9, 2009

"നട്ടൂറെ - ഫുട്ടൂറെ "

കോളേജ് കാലം ...
ഡിഗ്രി രണ്ടാം വര്ഷം ..
പണിക്കര് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്‌..ക്ലാസ്സുകളില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ജീവിയെ അന്നവിടെ കണ്ടു സകല വിദ്യാര്‍ഥികളും അത്ഭുതം കൂറി...
മാഗസിന്‍ എഡിറ്റര്‍ ശ്രീ. നസീര്‍ ..
കോളേജിലെ ഏറ്റവും ചെത്തു പയ്യന്‍ ..മുടി ഒക്കെ നീട്ടി വളര്‍ത്തി ചെത്തി നടക്കുന്ന, പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയായ, നേതാവായ, ക്രിക്കറ്റ്‌ കളിക്കാരനായ ( ഒരോവര്‍ തികച്ചു ക്രീസില്‍ നിന്ന ചരിത്രം ഇല്ലെങ്കിലും !!) ശ്രീ. നസീര്‍.

പണിക്കര് സാര്‍ ക്ലാസ്സില്‍ വന്നു.അദ്ദേഹവും നസീറിനെ കണ്ടു അത്ഭുതം കൂറി...!

"ഇതാര് ? നസീറോ ?"

" എന്താടോ ഇവിടെ ? വഴിതെറ്റി വന്നതാണോ ? "

നസീര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറുപടി പറഞ്ഞു .."

അതല്ല സാറേ, എനിക്ക് ഇംഗ്ലീഷില്‍ ഒരു സംശയം .. അതൊന്നു ക്ലിയര്‍ ചെയ്യാന്‍ സാറിനോട് ചോദിക്കാമെന്ന് കരുതി ..!!"

എല്ലാവരും ചിരിച്ചു ..നസീറിനു ഇംഗ്ലീഷില്‍ സംശയമോ ..?? (നസീര്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ മലയാളത്തിലാണ് എഴുതിയത് എന്നൊരു അടക്കം പറച്ചില്‍ നിലവിലുണ്ട് അപ്പോള്‍ )

കുട്ടികള്‍ ചിരിക്കുന്നത് കണ്ടു പണിക്കര്‍ സാര്‍ വിലക്കി ..

" ഹേ.. സൈലന്‍സ് , ഒരാള്‍ക്ക്‌ പഠിക്കാന്‍ ആഗ്രഹമുണ്ടാകുന്നത് നല്ല കാര്യമാണ് .. നസീറിനു തോന്നിച്ച ഈ സംശയം ഒരു നല്ല തുടക്കമാണ് .. ഒരു പക്ഷെ ഈ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥി നസീര്‍ ആയി മാറിയേക്കാം.. അത് കൊണ്ട് നമ്മള്‍ നസീറിനെ എന്കരേജ് ചെയ്യുകയാണ് വേണ്ടത് ."

എല്ലാവരും ചിരി നിര്‍ത്തി..
സാര്‍ നസീറിനോട് ചോദിച്ചു .

"ആട്ടെ നസീര്‍, എന്തുവാ നിന്റെ സംശയം "

"സാറേ അത് ഒരു വാക്കിന്റെ അര്‍ഥം അറിയാന്‍ വേണ്ടിയാ .."

"ഓക്കേ , നീ വാക്ക് ഏതാണ് എന്ന് പറ .."

"സാറേ അത് 'നട്ടൂറെ' എന്നാണ് വാക്ക് "

"എന്ത് എന്ത് ??"

"നട്ടൂറെ !!"

സാറിന് ഉള്‍പ്പടെ സകലരും കണ്ഫ്യുഷനില്‍ ആയി !
ഇതേതു വാക്ക്? എല്ലാവരും പരസ്പരം നോക്കി...ഒടുവില്‍ എല്ലാവരും സാറിന്റെ മുഖത്തേക്ക് നോക്കി.. സാറിനും ഒരു പിടിയും ഉള്ള ലക്ഷണമില്ല..

"നസീര്‍, ഈ വാക്ക് ഞാനും ഇത് വരെ കേട്ടിട്ടില്ലല്ലോ .. കുട്ടികളെ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും അറിയാമോ നട്ടൂറെയുടെ അര്‍ഥം ? "

എല്ലാവരും ഇല്ല എന്ന അര്‍ത്ഥത്തില്‍ തല ആട്ടി !!
സാര്‍ വീണ്ടും നസീറിനോട് ..

"സാരമില്ല നസീര്‍, ഇങ്ങനെ ഒരു പുതിയ വാക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിനു നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു ... ക്ലാസ്‌ കഴിഞ്ഞു ഞാര്‍ റെഫര്‍ ചെയ്തു അര്‍ഥം കണ്ടു പിടിക്കാം .. ആട്ടെ. നീ ഇതെവിടെയാ ഈ വാക്ക് കണ്ടത് ..? "

"സാറേ അതൊരു പേപ്പറില്‍ കണ്ടതാ..."

എല്ലാവര്ക്കും പിന്നേം അത്ഭുതം.. നസീര്‍ ചില്ലറക്കാരന്‍ ഒന്നുമല്ല. ഇംഗ്ലീഷ് പത്രം ഒക്കെയാ വായന !!! പുലീ !!

" നസീറേ, നീ ഈ വാക്കിന്റെ സ്പെല്ലിംഗ് ഒന്ന് പറഞ്ഞെ.."

"സാറേ അത് എന്‍ , എ , റ്റി, യു , ആര്‍, ഈ .( N A T U R E )..നട്ടൂറെ.....!!"

" ഹ ഹ ഹ ..."
ഇത് കേട്ടതും ക്ലാസ്സ്‌ മുഴുവനും കൂട്ടച്ചിരി ആയി ...
നസീര്‍ പകച്ചു ചുറ്റും നോക്കി...
പണിക്കര് സാര്‍ നസീറിന്റെ തോളില്‍ തട്ടി ..

" നസീറേ, ഇത് പ്രോനൌന്‍സ് ചെയ്യേണ്ടത് നട്ടൂറെ എന്നല്ല ..നേച്ചര്‍ എന്ന് ആണ് , പ്രകൃതി എന്നാണ് ഈ വാക്കിന്റെ അര്‍ഥം ..!!"

ഇത് കേട്ട് ക്ലാസ്സ്‌ വീണ്ടു കൂട്ട ചിരി ആയി ..
നസീറിന്റെ മുഖം വിളറി വെളുത്തു ...
ദയനീയ ഭാവത്തില്‍ നസീര്‍ പണിക്കര് സാറിനെ നോക്കി.. എന്നിട്ട് പറഞ്ഞു,,,

"സാറേ, സാര്‍ ഇത് ദയവു ചെയ്തു ആരോടും പറയരുത്...സാറിനറിയാമല്ലോ ..ഞാന്‍ രാഷ്ട്രീയത്തില്‍ ഒക്കെ ഉള്ള ആളാണ്‌ എന്ന്,അടുത്ത വര്ഷം ചെയര്‍മാന്‍ ആയി മത്സരിക്കാന്‍ ഉള്ളതാ..ഇതാരെങ്കിലും അറിഞ്ഞാല്‍ മഹാ നാണക്കേടാ...അതെന്റെ 'ഫുട്ടൂറെ'യേ ബാധിക്കും..!!"

( ഈ കഥ മുന്‍പ് ആരെങ്കിലും കേട്ടിട്ടുട്ടെന്കില്‍, അതെന്റെ കുറ്റമല്ല..!!)

മറക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍(ദൈവത്തിന്റെ കരങ്ങള്‍) ....

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവം ...അന്ന് ഞാന്‍ ബാംഗളൂരില്‍ പഠിക്കുന്നു ..ശങ്കര്‍ മട്ട് എന്ന സ്ഥലത്ത്, ഒരു കുടുംബത്തോടൊപ്പം ആണ് താമസിക്കുന്നത് ..ഏതാനും കിലോമീറ്ററുകള്‍ അകലെ നവരന്ഗ് എന്ന സ്ഥലത്ത് ആണ് കോളേജ്...അവസാന പരീക്ഷയുടെ തലേദിവസം, ഹാള്‍ ടിക്കറ്റ്‌ വാങ്ങാനായി കോളേജില്‍ എത്തി ..അപ്പോഴാണ്‌ അറിഞ്ഞത് , 3500 രൂപ എല്ലാ വിദ്യാര്തികളും ലബോറട്ടറി ഫൈന്‍ ആയി അടയ്ക്കണം ..എങ്കിലേ ഹാള്‍ ടിക്കറ്റ്‌ തരികയുള്ളൂ .. (കോഷന്‍ ടെപോസിറ്റ്‌ പിരിഞ്ഞു പോകുന്ന തിരികെ തരും എന്ന ന്യായവും !!)കയ്യിലാണെങ്കില്‍ വളരെ കുറച്ചു പണമേ ഉള്ളു ..വീട്ടില്‍ നിന്നും ഒരു DD വന്നത് ബാങ്ക് അവധി ആയിരുന്നത് കാരണം മാറാന്‍ കഴിഞ്ഞിട്ടില്ല.അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്തത് കൊണ്ട് സുഹൃത്തുക്കളെ ഒക്കെ ബന്ധപ്പെടാനും പ്രയാസം.താമസിക്കുന്ന വീട്ടില്‍ പണം കടം ചോദിച്ചപ്പോ , അവരും കൈ മലര്‍ത്തി ...അന്ന് താമസിക്കുന്ന വീടിനു അല്പം അകലെ ആയി കുര്ബുര ഹള്ളി എന്ന സ്ഥലത്ത് ഉള്ള ഒരു ചെറിയ പള്ളിയിലാണ് പ്രാര്തനക്കായി പോയിരുന്നത്.. അന്ന് ഉച്ചക്ക് ഉള്ള പ്രാര്‍ത്ഥനക്ക് ശേഷം മടങ്ങി പോകാതെ പള്ളിയില്‍ തന്നെ ഞാന്‍ ഇരുന്നു . പണം സംഘടിപ്പിക്കാന്‍ ഒരു വഴിയും മുന്നിലില്ല.. പരീക്ഷ എഴുത്ത് മുടങ്ങിയത് തന്നെ...വല്ലാത്ത സങ്കടം തോന്നി .അങ്ങനെ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ചുമലില്‍ തൊട്ടു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ പരിചയമുള്ള ഒരു മുഖം .ശങ്കര്‍ മട്ട് ജങ്ക്ഷനില്‍ ഒരു പല ചരക്കു കടയിലെ കൌണ്ടറില്‍ കണ്ടിട്ടുള്ള മുഖം. വൈ - വീ എന്നാണ് ആ കടയുടെ പേര് .മലയാളികളാണ് .കണ്ണൂര്‍ക്കാര് . സോപ്പ് , സിഗരട്ട് തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനായി വല്ലപ്പോഴും ആ കടയില്‍ ഞാന്‍ കയറാറുണ്ട് .ആ കടയിലെ ക്യാഷ് കൌണ്ടറില്‍ മിക്കവാറും കാണുന്ന ആളാണ് എന്റെ സമീപം നില്‍ക്കുന്നത് .അയാള്‍ എന്റെ അടുത്ത് ഇരുന്നു.എന്നിട്ട് ചോദിച്ചു."എന്ത് പറ്റി ? എന്താ പതിവില്ലാതെ ഇവിടെ തന്നെ ഇരിക്കുന്നത്, മുഖം വല്ലാതെ ഇരിക്കുന്നല്ലോ...""പ്രത്യേകിച്ച് ഒന്നുമില്ല " എന്ന് ഞാന്‍ മറുപടി പറഞ്ഞു..അയാള്‍ എന്നെ നിര്‍ബന്ധിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . എന്നിട്ട് അഞ്ചു മണിക്ക് ശേഷം കടയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു .ദുരഭിമാനവും ഒപ്പം സന്തോഷവും ഒരുമിച്ചു തോന്നി .വൈകുന്നേരം വരെ ചിന്തിച്ചു, മറ്റു നിവൃത്തി ഇല്ലാത്തത് കൊണ്ട് പോകാന്‍ തന്നെ തീരുമാനിച്ചു .കടയില്‍ ചെന്നപ്പോള്‍ , ഉച്ചയ്ക്ക് കണ്ട ആളുടെ ജ്യേഷ്ഠന്‍ ആണ് കടയില്‍ ഇരിക്കുന്നത് . ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങി.ഇത് കണ്ട അദ്ദേഹം എന്നെ വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ കുറെ നോട്ടുകള്‍ റബ്ബര്‍ ബാന്‍ഡ്‌ ഇട്ടു മാറ്റി വെച്ചിരുന്നത് എടുത്തു എന്റെ നേരെ നീട്ടി.എന്നിട്ട് പറഞ്ഞു."വിവരങ്ങള്‍ ഒക്കെ അനിയന്‍ പറഞ്ഞു. കോളേജ് ആഫീസ്‌ അടച്ചു കാണില്ല , പെട്ടെന്ന് കൊണ്ട് പോയി ഫീസ്‌ അടയ്ക്കു "എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.. കൈയ്യില്‍ കിടന്ന വാച്ച് ഊരി ഞാന്‍ ആ മേശപ്പുറത്തു വെച്ചു...( അല്പമെങ്കിലും വിലപിടിപ്പുള്ള ഏക വസ്തു എന്റെ കയ്യിലുള്ളത് അതായിരുന്നു ). ഒപ്പം കയ്യില്‍ ഉണ്ടായിരുന്ന ആറായിരം രൂപയുടെ DD യും ."ഇതിവിടെ ഇരിക്കട്ടെ ഇക്കാ, മറ്റന്നാള്‍ എന്റെ കൂടെ ആരെ എങ്കിലും ഈ DD യുമായി ബാങ്കില്‍ അയച്ചാല്‍ മതി. അത് വരെ ഇത് ഇവിടെ ഇരിക്കട്ടെ .."അയാള്‍ ആ വാച്ച് എടുത്തു എന്റെ കയ്യില്‍ കെട്ടി തന്നു.DD എടുത്തു എന്റെ പോക്കറ്റിലും വെച്ചു തന്നു .എന്നിട്ട് പറഞ്ഞു ."വാച്ച് മേശയില്‍ വെക്കനുല്ലതല്ല, കയ്യില്‍ കെട്ടാനുള്ളതാണ്. നിന്നോട് പണയം ചോദിച്ചിട്ടാണോ ഞങ്ങള്‍ ഈ പൈസ നിനക്ക് തരാന്‍ തീരുമാനിച്ചത്? വേഗം കൊണ്ട് പോയി ഫീസ്‌ അടയ്ക്കു. DD നീ തന്നെ പോയി മാറിയാല്‍ മതി ".ഞാന്‍ ഉടനെ തന്നെ പണം അടക്കുകയും പിറ്റേ ദിവസം പരീക്ഷ എഴുതുകയും ചെയ്തു.അടുത്ത ദിവസം ബാങ്ക് തുറന്നു DD മാറി പണം തിരികെ കൊണ്ട് കൊടുത്തു . ഒരു നന്ദി വാക്ക് പറയാന്‍ പോലും അവര്‍ സമ്മതിച്ചില്ല.എന്റെ പേര് പോലും അവര്‍ ചോദിച്ചില്ല (അവിശ്വസനീയം ആയി തോന്നിയേക്കാം..പക്ഷെ സത്യമാണ് ). ഇളയ ആളുടെ പേര് നസീര്‍ എന്നാണ്.പരീക്ഷ കഴിഞ്ഞു യാത്ര പറയാന്‍ പോയപ്പോഴും അവര്‍ ഒരു സാധാരണ കസ്റ്റമര്‍ എന്നതിനപ്പുറം കൂടുതല്‍ പരിചയം എന്നോട് കാണിച്ചില്ല.ഇപ്പോഴും ആ മുഖങ്ങള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ദൈവമല്ലാതെ മറ്റെന്ത് ?