ഒരു ബ്ലോഗ് ആയി എഴുതാനുള്ള വക ഒന്നുമില്ല .പക്ഷെ ..ഉണങാത്ത കണ്ണീരുമായി ഉള്ളം നോവിച്ചു കൊണ്ടിരിക്കുന്ന ഒരു കാഴ്ച, നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി ..പങ്കു വെച്ചാല്‍ സങ്കടം പകുതി ആവുമെന്നല്ലേ...ഏതാനും ദിവസം മുന്‍പ് ഒരു കേസിന്റെ ആവശ്യവുമായി ദുബായ് പബ്ലിക് പ്രോസിക്യുട്ടര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഞാന്‍.പബ്ലിക് പ്രോസേക്യുട്ടരുടെ ഓഫീസിനു മുന്നിലുള്ള കാത്തിരിപ്പ് മുറിയില്‍ ഊഴവും കാത്തു ഞാന്‍ ഇരുന്നു.മുന്‍പിലെ മേശയില്‍ സുലൈമാനി നിറച്ച പാത്രവും ഗ്ലാസുകളും.. പിന്നെ, അറബി ഭാഷയിലുള്ള കുറെ പത്രങ്ങളും ആനുകാലികങ്ങളും..കാത്തിരുന്നു മുഷിയുന്നവര്‍ക്ക് കുടിക്കാനും വായിക്കാനും .അല്പം കഴിഞ്ഞപ്പോ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ഒരു മനുഷ്യനെ അവിടേക്ക് കൊണ്ട് വന്നു .. ഏതോ ഒരു ആഫ്രിക്കന്‍ രാജ്യക്കാരന്‍ ആണെന്ന് തോന്നി . ഏകദേശം ഇരുപത്തി ഏഴു വയസ്സ് പ്രായം തോന്നിക്കും .. കറുത്തവന്‍ എങ്കിലും നല്ല മുഖ ശ്രീ... മുഖത്ത് സങ്കടം നിഴല്‍ വിരിക്കുന്നുന്ടെന്കിലും.ഒരു വരയന്‍ ടീ ഷര്‍ട്ടും ജീന്‍സും ആണ് വേഷം.അയാള്‍ ഞാന്‍ ഇരിക്കുന്നതിനു മുന്നിലായി എനിക്കെതിരെ ഉള്ള ഒരു കസേരയില്‍ ഇരുന്നു.. എനിക്കഭിമുഖം ആയിട്ട് .കയ്യില്‍ ഏതോ ഒരു ഇംഗ്ലീഷ് പുസ്തകംകയ്യില്‍ വിലങ്ങു ഇട്ടിട്ടുണ്ട് ..ഇവിടുത്തെ കൈ വിലങ്ങു നമ്മുടെ നാട്ടിലെ വിലങ്ങു പോലെ ഇടയ്ക്ക് ചങ്ങല ഉള്ള തരം അല്ല. രണ്ടു ഡി അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും ചേര്‍ത്ത് വെച്ച് പിടിപ്പിച്ചത് പോലെയാണ് .. കൈ ചേര്‍ത്ത് കെട്ടിയത് പോലെ ചേര്‍ന്നിരിക്കും .ഒരു സ്വാതന്ത്ര്യവും ഇല്ലാതെ..അയാള്‍ അവിടെ വന്നിരുന്നു ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോ ഏകദേശം ഇരുപത്തി രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് വന്നു. അവളെ കണ്ടതും അയാളുടെ മുഖം പ്രസന്നമായി . അവള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്നു. അയാള്‍ കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് അത് തന്റെ ഭാര്യ ആണെന്ന് പറഞ്ഞു .പോലീസുകാരന്‍ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ച ശേഷം മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു. എന്നിട്ട് അയാളുടെ കയ്യിലെ വിലങ്ങുകള്‍ അഴിച്ചു മാറ്റി.അയാളുടെ മുഖം വല്ലാതെ പ്രസ്സന്നമായി . അവള്‍ അയാളെ കെട്ടി പിടിച്ചു ചുംബിച്ചു ..എന്തോ രണ്ടു മൂന്ന് വാക്കുകള്‍ പരസ്പരം സംസാരിച്ചു.എന്നിട്ട് നിലത്തു അയാളുടെ കാലുകള്‍ക്ക് അടുത്തായി ഇരുന്നു.. അയാളുടെ കാലുകളില്‍ ഇരു കൈ കൊണ്ടും പിടിച്ചു കൊണ്ട്..മുഖം അയാളുടെ മടിയില്‍ ചേര്‍ത്ത് വെച്ച് കൊണ്ട്...അയാള്‍ അവളുടെ തലയില്‍ തഴുകി കൊണ്ടിരുന്നു ... സാവധാനം.. നിര്‍ത്താതെ...രണ്ടു പേരുടേയും കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ട് ..അവള്‍ ഇടയ്ക്ക് ഇടയ്ക്ക് മുഖം ഉയര്‍ത്തി അയാളുടെ മുഖത്തേക്ക് നോക്കും...കണ്ണീരിനിടയിലൂടെ അയാള്‍ പുഞ്ചിരിക്കും.. ഒപ്പം അവളും..രണ്ടു പേരും ഒന്നും മിണ്ടുന്നില്ല..ഇത് കണ്ടു ഇരിക്കാന്‍ വയ്യാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി ..അയാളുടെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരനോട് എന്താണ് അയാളുടെ പേരിലുള്ള കുറ്റം എന്ന് ചോദിച്ചു ..ചെക്ക് കേസ് ആണ് ...ഏതോ സുഹൃത്തിനു ബാങ്കില്‍ ജാമ്യം നിന്നു, വന്‍ തുകയ്ക്ക് .. സുഹൃത്ത് ബാങ്കിനെ വഞ്ചിച്ചു നാട് വിട്ടു പോയി..!!ഇയാള്‍ ഏതാനും ആഴ്ചകളായി റിമാണ്ടില്‍ ആണ്.വിചാരണ തുടങ്ങാന്‍ പോകുന്നത്തെ ഉള്ളു . പണം അടച്ചു കേസ് settle ചെയ്തില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്.അപ്പോഴേക്കും എന്നെ പ്രോസിക്യുട്ടരുടെ ആഫീസിലേക്ക് വിളിച്ചു.ഒരു മണിക്കൂറോളം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവരെ അവിടെ കണ്ടില്ല.ആഴ്ചകള്‍ കഴിഞ്ഞിട്ടും ആ മുഖങ്ങളും അവരുടെ കണ്ണുനീരും മനസ്സില്‍ ഒരു നൊമ്പരമായി മായാതെ നില്‍ക്കുന്നു.ഒരു പക്ഷെ ഈ അവസ്ഥ എനിക്കും നേരിടേണ്ടി വന്നേക്കാം എന്ന ഉള്‍ഭയം കൂടി ആവും കാരണം..!എന്തെന്നാല്‍ വിചാരണ നടക്കുന്ന ഒരു കേസിലെ പ്രതി ആണ് ഞാനും. കൊലക്കേസ് പ്രതി..മനസ്സറിയാത്ത കാര്യം ആണെങ്കിലും !!
-